Tuesday, November 11, 2014

സ്വാതന്ത്ര്യത്തിന്റെ ലോകം

       

        ഇന്ത്യയിലെ സിനിമ മേഖലയിൽ ജോലിയെടുക്കുന്ന ആരും എത്തിപ്പെടാൻ കൊതിയ്ക്കുന്ന  ഉത്തുംഗ പർവ്വമാണ് ബോളീവുഡ്. കൽക്കട്ടയുടെ ബൌദ്ധികമായ മേച്ചിൽപുറങ്ങളിൽ നിന്ന് ബോളീവുടിന്റെ ആഡംബരത്തിലേക്ക് ഒരു പറന്നുകയറ്റം. തുടക്കം അത്യാഹ്ലാദമായിരുന്നു, ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിച്ചവന്റെ ഉന്മാദമായിരുന്നു,  എങ്കിലും  എന്റെ വ്യക്തിത്തം പൊരുത്തപ്പെടാത്ത എന്തോ ചിലത് എന്നെ പിറകോട്ടു വലിച്ചു കൊണ്ടിരുന്നു. കൽക്കട്ടയിൽ എന്നപോലെതന്നെ മനസ്സിനെ മടുപ്പ് ബാധിക്കാൻ തുടങ്ങിയിരുന്നു. മനസ്സാണ് പ്രധാനം.


          എന്റെ യാത്രകൾ മുടങ്ങി, പുസ്തകങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നിരുന്ന ഞാൻ പത്രം പോലും വായിക്കാതായി, മനസ്സിലെ വർണ്ണങ്ങളും നരച്ചു പോയിരുന്നു. ഞാൻ ഞാനല്ലാതെയാവുന്ന വിരസവും നിരാശാജനകവുമായ കാഴ്ച നിശബ്ദമായി എനിക്കുതന്നെ കാണാൻ കഴിയുമായിരുന്നു.

           അവധിക്കു നാട്ടിൽ വരുമ്പോൾ, എന്റെ ബന്ധുക്കളെല്ലാം വിടർന്ന കണ്ണുകളോടെ വരവേൽക്കുകയും  അഭിനന്ദിക്കുകയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും എല്ലാം ചെയ്യുന്നത് കാണുമ്പോൾ  പോയകാലങ്ങളുടെ അനുഭവ പാശ്ചാത്തലങ്ങളിൽ ഞാൻ ഓരോരുത്തരെയും വ്യക്തമായി തിരിച്ചറിഞ്ഞു. ആയിടയ്ക്ക്  ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയോടു കൂടെ ചിറ്റഗോന്ഗ്  എന്ന സിനിമ എന്റെ സ്റ്റുഡിയോയിൽ  ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ  ചുറ്റുമുള്ളവരുടെ "പൊങ്ങച്ച മാർക്കറ്റിൽ" എന്റെ വില കുത്തനെ കൂടിയത് കണ്ടു അത്ഭുതപ്പെട്ടുപോയി. എത്ര ബാലിശമാണ് മനുഷ്യന്റെ കാഴ്ചപാടുകൾ എന്ന് എന്നെ പഠിപ്പിക്കാൻ ഇതെല്ലാം ധാരാളമായിരുന്നു .

          ഒരു വലിയ ഇരുട്ട് മുറിയ്ക്കകത്ത് അടച്ചിടപ്പെടുന്ന ജീവിതം, സിനിമ സൌണ്ട് മിക്സിംഗ് തീയട്ടെരിൽ  എന്റെ ആത്മാവ് സമൂഹത്തിന്റെ കീഴ്വഴക്കങ്ങളുടെ അദൃശ്യ ചങ്ങലകളാൽ തളച്ചിടപ്പെട്ടു. ഒരു ജോലി, ജീവിക്കാൻ ഒരു ജോലി ? പോര, സ്റ്റാറ്റസ്  നോക്കണം, ആ ജോലി നിങ്ങള്ക്ക് സന്തോഷം തരുന്നുണ്ടോ  ? ഇല്ല!, നിങ്ങൾ ആത്മാവിൽ സ്വതന്ത്രനാണോ ? അല്ലേയല്ല , എന്റെ ആത്മാവ് തടവറയിലാണ് !! അടുത്ത മുപ്പതു കൊല്ലത്തേയ്ക്ക് നിങ്ങൾ ഇതേ ജോലി തുടർന്നാൽ ജീവിതത്തിൽ നിങ്ങൾ എന്ത് നേടും ? ഒരുപാട് പണം നേടും, പ്രശസ്തി നേടും , പിന്നെ ?? പിന്നെ... അപ്പോഴേക്കും എന്റെ ആത്മാവ് മരണപ്പെട്ടിട്ടുണ്ടാവും, പട്ടിണി കിടന്ന് പട്ടിണി കിടന്ന്, ദേവകുമാരനെ പോലെ മണ്ണിൽ പിറന്ന, സർഗ്ഗശേഷികളുടെ വസന്തം പേറിയ ബാല്യ-കൌമാരങ്ങൾ ആസ്വദിച്ച എന്റെ ആത്മാവ് മരണപ്പെട്ടിട്ടുണ്ടാവും,  ആത്മാവ് നഷ്ടപ്പെട്ട് പുറംതോടായി  മാറിയ എന്റെ ശരീരത്തിൽ സമ്പന്നതയുടെയും അതി പ്രശസ്തിയുടെയും സ്വർണ്ണ തൂവലുകൾ വിരാജിക്കുന്നുണ്ടാവാം, എങ്കിലും കാലങ്ങൾ കഴിഞ്ഞാൽ അമ്പതോ അറുപതോ വർഷത്തെ നഷ്ട കച്ചവടത്തിന്റെ കഥകളെ എനിക്ക് എന്നോട് തന്നെ പറയാനുണ്ടാവു, അത് കൊണ്ട് തീരുമാനിക്കാം എന്ത് വേണം എന്ന്. ഞാൻ എന്നോട് തന്നെ ഇതെല്ലാം ചോദിച്ചു കൊണ്ടിരുന്നു.

വളരെ പെട്ടന്ന് തന്നെ തീരുമാനവും കണ്ടെത്തി. തൽക്കാലം നാട്ടിലേക്ക്, വേണമെങ്കിൽ ഇനിയും തിരിച്ചെത്താം, അത് കാലം തീരുമാനിക്കട്ടെ, ഇതാണ് എന്റെ ഇന്നത്തെ ശരി. അങ്ങനെ തിരിച്ചു നാട്ടിലേക്ക്.....


         ആയിടയ്ക്കാണ് ഷോർട്ട് ഫിലിമുകളും ആൽബങ്ങളും ഡയറക്റ്റ് ചെയ്യാനുള്ള ഓഫറുകൾ വരുന്നത്. അതിന്റെ ഇടവേളകളിൽ എപ്പോഴോ ഒരു സ്കൂളിന്റെ കലാ പ്രവർത്തങ്ങളിൽ പങ്കാളിയാകാമോ എന്ന ഒരു ആശയം മുന്നോട്ടു വന്നു,  മനശാസ്ത്രത്തിൽ മാസ്റർ ബിരുദമുള്ളത് കൊണ്ടും   കൌണ്സേലിംഗ്-ൽ ഡിപ്ലോമ ചെയ്യുകയായിരുന്നതു  കൊണ്ടും എനിക്ക് അതൊരു പഠനവിഷയവുമായി തോന്നി. എന്നാൽ പിന്നെ കുറച്ചു ദിവസം പയറ്റി നോക്കാം, വ്യത്യസ്തരായ കുട്ടികളുടെ മനശാസ്ത്രത്തിലൂടെ ആസ്വാദ്യകരവും അത്ഭുതകരവും ആയ ഒരു യാത്ര!!

          കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ  എന്റെ കർമ്മമണ്ഡലത്തിലേക്ക്  തിരിച്ചു പോവണം എന്ന ശക്തമായ   ഉദ്ദേശമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് എങ്കിലും, സാഹചര്യങ്ങൾ എന്റെ തീരുമാനങ്ങളെ സ്നേഹത്തിന്റെ  കുരിശ്ശിൽ തറച്ചിടുന്നതായിരുന്നു  പിന്നത്തെ രംഗങ്ങളിൽ   അരങ്ങേറിയത്. കുട്ടികളുടെ മാസ്മരിക ലോകം, എനിക്ക് നഷ്‌ടപ്പെട്ടു എന്ന് ഞാൻ ഭയപ്പെട്ട എന്റെ സുവർണ്ണകാലം, ഞാൻ താലോലിച്ചിരുന്ന എന്റെ നല്ല ദിനങ്ങൾ, കൈമോശം വന്നെന്നു കരുതിയ നല്ല ശീലങ്ങൾ, എല്ലാം ഒന്നൊന്നായി   തിരികെ എന്നിലേക്ക്‌ ചേക്കേറാൻ തുടങ്ങിയപ്പോൾ ഒരു തിരിച്ചു പോക്കിന്റെ ആവശ്യകതയെ പറ്റി മനസ്സ് ചോദ്യം ചെയ്യാൻ തുടങ്ങി. ഇവിടെ എന്താണൊരു കുറവ് ? ശമ്പളം ?? ശരിയാണ്, മുൻകാലങ്ങളിൽ ഞാൻ നേടിയിരുന്നതിന്റെ നാലിലൊന്ന് ഇവിടെ നിന്ന് കിട്ടില്ല, മനസ്സിലാക്കുന്നു, എങ്കിലും ഇപ്പൊഴനുഭവിക്കുന്ന സംതൃപ്തി വിവരണാതീതമാണ്.  അതാണല്ലോ വേണ്ടതും .

         ഓരോ കുട്ടിയും ഓരോ ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. വർണ്ണശബളമായ ചിന്തകളുടെ ലോകം, നിഷ്കളങ്കമായ സ്നേഹത്തിന്റെ ലോകം, കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കുമ്പോൾ ഉരുത്തിരിയുന്ന വെറും സാധാരണ കുട്ടികളുടെ ലോകം !!  അവിടെ ഞാനും ഒരു കുട്ടിയാണ് എന്നിലെ നിഷ്കളങ്കതയുടെ പാതി ഉണങ്ങിയ കൊമ്പിൽ പുതിയ പല്ലവങ്ങൾ തളിർക്കാൻ തുടങ്ങി. നിറം മങ്ങി തുള വീണ എന്റെ കാൽപനികതയുടെ വിശാലതയ്ക്കു പുതിയ വർണ്ണങ്ങൾ ജീവനേകാൻ തുടങ്ങി, വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും ജീവിക്കാൻ തുടങ്ങി.

         അപൂർവ്വമായെങ്കിലും കുട്ടികളിലെ യുവാക്കളെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. കുട്ടികൾക്ക് ചേർന്ന ഏറ്റവും നല്ല ഭാവം കുട്ടിത്തം തന്നെ ആണ് എന്ന് തോന്നി പോവാറുള്ളത്   അപ്പോഴാണ്‌. അങ്ങനെ ഇരിക്കവേ ഒരു സ്വാതന്ത്ര്യ ദിനാഘോഷം വന്നെത്തി, ഫോട്ടോ എടുക്കലായിരുന്നു എന്റെ ഡ്യുട്ടി. അതിനിടയിൽ ഒരു പത്തു വയസ്സുകാരന്റെ പ്രസംഗം എന്നെ കോരിത്തരിപ്പിച്ചു. പ്രായത്തിൽ കവിഞ്ഞ പൂർണ്ണതയുണ്ടായിരുന്നു  അവന്റെ നോക്കിനും വാക്കിനും. അന്നോളം ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത പ്രതിഭ !!  

         കണ്ടു നിന്നിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളിലേക്ക്  അവസാന വാക്കും  തൊടുത്തു വിട്ടുകൊണ്ട് അവൻ പോകും മുൻപ് കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.മെല്ലെ അവന്റെ അടുത്തേയ്ക്ക്   ചെന്ന് ഹസ്തദാനം ചെയ്തു. അത്ര നേരം പ്രസംഗിച്ചിരുന്നത് ഈ കുട്ടി തന്നെ ആയിരുന്നോ എന്ന് തോന്നി പോവും ആ മുഖത്തെ നിഷ്കളങ്കത കണ്ടാൽ.

        'കുട്ടി' എന്ന വാക്ക് എന്റെ ഉള്ളിൽ വരച്ചു വച്ചിരുന്ന ഔട്ട്‌ലൈൻ  മാച്ചു കളഞ്ഞ് അവിടെ അത്ഭുതവും അപാരവുമായ സങ്കീർണ്ണതകളുടെ   മറ്റൊരു പുതുലോകം എന്റെ മുന്നിൽ തുറക്കുകയായിരുന്നു അലൻ    എന്ന അഞ്ചാംക്ലാസ്സുകാരൻ . ഒരു പ്രസംഗം മാത്രമായിരുന്നില്ല അഭിപ്രായ രൂപീകരണത്തിന്  ആധാരം, കാര്യങ്ങളെ സമീപിക്കുന്ന രീതി,   ഓരോ തവണയുള്ള കൂടികാഴ്ച്ചകളും മനശാസ്ത്രപരമായ അന്വേഷണങ്ങളായി ഞാൻ മാറ്റിയപ്പോൾ   അവന്റെ ചിന്താസരസ്സുകൾ ഒഴുകുന്ന വഴികൾ ആ പ്രായത്തിലുള്ള മറ്റാരേക്കാളും വ്യത്യസ്തവും വ്യക്തവും പവിത്രവുമായി കാണപ്പെട്ടു. അങ്ങനെ ആ സ്കൂളിൽ സമാനതകളില്ലാത്ത വ്യക്തിത്തം ഈ പ്രായത്തിലെ  രൂപപ്പെടുത്താൻ കഴിഞ്ഞ അസാധാരണമായ ഒരു അഗ്നി ഉള്ളിലുള്ള 'കുട്ടി'  അടുത്ത ഇരുപതു വർഷങ്ങൾക്കപ്പുറം  ഭാരതത്തിന്റെ അഭിമാനമായി   മാറിയില്ലെങ്കിൽ അതെന്നെ നിരാശനാക്കും എന്നത് തീർച്ചയാണ്. പക്ഷെ  ഈ ചെറുപ്രായത്തിലെ പ്രതീക്ഷകളുടെ അമിത ഭാരം ആ കുഞ്ഞു ചുമലുകളെ ക്ഷീണിപ്പിക്കരുത്  എന്ന്  നിർബന്ധമുള്ളതുകൊണ്ട്, എന്റെ കരങ്ങളും കണ്ണുകളും ഞാൻ അവനിൽ നിന്ന് ഇതിനാൽ വേർപ്പെടുത്തുന്നു. അവൻ  വളരട്ടെ  സ്വതന്ത്രമായി...
 
മണ്ണിന്റെ ഗന്ധവും സ്വാദും മേലാകെ പടർത്തി ഞാനും സർവ്വ സ്വതന്ത്രമായി, എന്റെ സ്വന്തം ആകാശത്തു എന്റെ സ്വന്തം ചിറകുകൾ ആഞ്ഞു വീശി പറക്കട്ടെ ,  മണ്ണിനെയോ മാനത്തെയോ നോവിക്കാതെ...      

1 comment:

  1. മാഷെ എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടായി ട്ടോ

    ReplyDelete