Thursday, January 31, 2013

കല്‍ക്കട്ടയും കൂട്ടുകാരനും...


കല്‍ക്കട്ടയില്‍...


മാധവിക്കുട്ടിയുടെയും മറ്റും കഥകളില്‍ വായിച്ചറിഞ്ഞ കല്‍ക്കട്ട!! ജോലിക്കിട്ടിയപ്പോള്‍ വീട്ടില്‍ ആര്‍ക്കും ഇത്ര ദൂരത്തേക്ക് വിടാന്‍ താല്പര്യമില്ല, പക്ഷെ എനിക്ക് പോവണമെന്ന്  തോന്നി,

ബംഗാള്‍!!  ഒറ്റ കമ്പിയില്‍ സംഗീതത്തിന്‍റെ നിഗൂഡ ഭംഗി ഉണര്‍ത്തുന്ന ബാവുള്‍ ഗായകരുടെ നാട്, സത്യജിതിന്‍റെയും ടാഗോറിന്‍റെയും വിവേകാനന്ദന്‍റെയും  നാട്,  പോകാതിരിക്കുന്നത് എങ്ങനെ ?

കല്‍ക്കട്ടയിലേക്ക്....

നല്ല തണുപ്പുള്ള അന്തരീക്ഷത്തില്‍ വന്നിറങ്ങി. കാണുന്നതെല്ലാം പുതിയ കാഴ്ചകള്‍, സംസ്കാരം.
ഞാന്‍ കേരളത്തില്‍ നിന്നാണ് എന്നു  പറഞ്ഞപ്പോള്‍  അവരുടെ വിടര്‍ന്ന  മിഴികളില്‍ കണ്ട  ഭാവം, അന്യ സംസ്ഥാനങ്ങള്‍ കേരളത്തിനു കൊടുക്കുന്ന സ്ഥാനം എന്താണ് എന്ന്  മനസ്സിലാക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് വന്നവനല്ലേ ഈ നാട് ഇഷ്ടപ്പെടുമോ എന്നാണു  അവര്‍ എന്നോട് ആദ്യം ചോദിച്ചത്. ഗുരുവായൂരപ്പന്‍റെ നാട്ടില്‍ നിന്നല്ലേ, നിങ്ങളെ തൊടുന്നതെ പുണ്യം എന്നും പറഞ്ഞു ഒരാള്‍ എന്നെ തൊട്ട് കൈക്കൂപ്പി, അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് കണ്ടപ്പോള്‍ നമ്മുടെ ഗുരുവായൂരപ്പന്‍  എത്ര പ്രശസ്തനാണ് എന്ന് മനസ്സിലായി

ബംഗാളി ഫിലിം സൌണ്ട് സ്റ്റുഡിയോയില്‍ ആണ് എന്‍റെ ജോലി,...ആദ്യത്തെ കുറെ ദിവസം താമസം ഗൗതം ഗോഷ് എന്ന വിഖ്യാത  ബംഗാളി സംവിധായകന്‍റെ ഫ്ലാറ്റില്‍, പിന്നീട് മറ്റൊരു ഫ്ലാറ്റിലേക്ക്...ഒറ്റപ്പെടലിലേക്ക്...

സമയാ സമയങ്ങളില്‍ വിഭവ സമൃദ്ധമായ ആഹാരം വിളമ്പി വച്ചിരിക്കും, പക്ഷെ കൂടുതലും മാംസാഹാരം ആയിരിക്കും, പച്ചക്കറി ആണ് വേണ്ടത് എന്ന് പറഞ്ഞാലോ, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കിട്ടും, അങ്ങനെ മെല്ലെ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കാന്‍ തുടങ്ങി..

എപ്പോഴും എന്‍റെ കൂടെ നടന്നിരുന്ന എന്‍റെ സഹ പ്രവര്‍ത്തകന്‍റെ ചുണ്ടിലെ കഞ്ചാവിന്‍റെ  ഗന്ധവും ചൂടും ആറിയ നേരം ഉണ്ടായിരുനില്ല.  പലപ്പോഴും എനിക്കുനേരെ അവന്‍ നീട്ടിയ ലഹരികള്‍ ഒഴിവാക്കാനും  അവനെ പറഞ്ഞു മനസ്സിലാക്കാനും എനിക്ക് പാടുപെടേണ്ടി വന്നു. വൈകുന്നേരങ്ങളില്‍  നിശ ക്ലബുകളിലും വേശ്യലയങ്ങളിലും ചെലവഴിക്കുന്ന അയാള്‍ക് താമസം എന്‍റെ ഫ്ലാറ്റിലേക്ക് മാറ്റിയാല്‍ കൊള്ളാം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതും ഞാന്‍ നിരസിച്ചു, സ്നേഹപൂര്‍വ്വം!!  കാരണം എന്‍റെ കുടുംബത്തിന്‍റെ സംസ്കാരം എനിക്ക് നിലനിര്‍ത്തണമായിരുന്നു.

മലയാളം കേള്‍ക്കാനും പറയാനും  കൊതിച്ച നാളുകള്‍...കടുകെണ്ണ ഒഴിക്കാതെ പാചകം ചെയ്ത ആഹാരം കഴിക്കാന്‍ കൊതിച്ച നാളുകള്‍.. ഏകാന്തതയെ ഒത്തിരി ഇഷ്ടപെട്ടിരുന്ന ഞാന്‍, അതിന്‍റെ ഭീകര മുഖം കണ്ട നാളുകള്‍...ഞാന്‍ ഒരു യന്ത്രമായി മാറി തുടങ്ങുകയായിരുന്നു. വീട്ടിലേക്ക്  വിളിച്ച് സംസാരിക്കും എന്നല്ലാതെ നാട്ടില്‍ അതികം പേരോടും ബന്ധം പുലര്‍ത്താന്‍ സമയമില്ലായിരുന്നു. എന്‍റെ ഒഴിവു സമയത്ത് അവരോ അവരുടെ ഒഴിവു സമയത്ത് ഞാനോ ഫ്രീ ആവില്ലായിരുന്നു...

മുറിഞ്ഞു പോയ ഒരു കൊച്ചു പ്രണയത്തിന്‍റെ ഓര്‍മ്മപെടുത്തലുകളിലും കുറ്റപ്പെടുത്തലുകളിലും  നൊന്ത് പോയിരുന്ന മനസ്സ്, എപ്പോഴും അവരില്‍ന്നിന്നൊക്കെ  അകന്നു നില്‍ക്കാന്‍ ആഗ്രഹിച്ചത് ആരോടും ഉള്ള ദേഷ്യം കൊണ്ടായിരുന്നില്ല, ഒരു തരം രക്ഷപെടല്‍ ആയിരുന്നിരിക്കണം ...ഞാന്‍ മനപ്പൂര്‍വ്വം ഒഴിവ്വാക്കിയ സൌഹൃദ ക്കൂട്ടങ്ങള്‍ പലപ്പോഴും എന്നെ തേടി വന്നിരുന്നത് അവരെ  അവഗണിക്കും എന്ന അറിവോട്കൂടി തന്നെ ആയിരുന്നു...

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവര്‍ക്കെല്ലാം അറിയുന്നത് കൊണ്ടും , എനിക്ക് ആ ഉറപ്പ് ഉള്ളത് കൊണ്ടും, ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടയിരുനില്ല, അത് കൊണ്ട് തന്നെ ആരുമില്ലാത്ത ഒരിടത്ത് സ്വസ്ഥമായി  ഇരിക്കാന്‍ ആണ് അന്ന് ഞാന്‍ ആഗ്രഹിച്ചത്.  കല്‍ക്കട്ടയിലെ ഏകാന്ത ജീവിതം ഒരുതരത്തില്‍ അനുഗ്രഹമായെങ്കിലും മനസ്സ് ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു.

ആ സമയം  എന്നും, എന്‍റെ വിശ്രമ സമയത്ത് എനിക്ക് ആശ്വസിക്കാന്‍  ഒരു ഓണ്‍ലൈന്‍ കൂട്ടുകാരനെ കിട്ടി... അഭിജിത്ത് !!
നാട്ടില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ആയി അവനോട് ചാറ്റിങ് പതിവുണ്ടായിരുന്നു എങ്കിലും കല്‍ക്കട്ടയില്‍ വച്ചാണ് ആ കൊച്ചു പയ്യന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന്  എനിക്ക് തോന്നിയത്.  പ്രായ വ്യത്യാസത്തില്‍ ഒനും ഒരു കാര്യവും ഇല്ല എന്ന തോന്നലും എനിക്കുണ്ടായി.

തുടര്‍ച്ചയായി വിശ്രമം ഇല്ലാത്ത ജോലി...ഞായറും അവധിയില്ല വിശേഷദിവസങ്ങളിലും അവധിയില്ല, എന്‍റെ ഒഴിവു സമയത്ത് അഭിജിത്തിന് ഓണ്‍ലൈന്‍ വരാന്‍ സാധിച്ചിരുന്നു എന്നത് കൊണ്ട് ഞങ്ങളുടെ കൂട്ട്കെട്ട് അതിവേഗം  വളര്‍ന്നു...

നാട്ടില്‍ വച്ച് വെറുമൊരു ചാറ്റ് ഫ്രണ്ട്, അല്ലെങ്കില്‍ എന്‍റെ മറ്റൊരു കൂട്ടുകാരന്‍റെ അനിയന്‍ അങ്ങനെയൊക്കെ  മാത്രമേ അവനെ ഞാന്‍ കണ്ടിരുന്നുള്ളൂ.  ഓണ്‍ലൈന്‍  വരുമ്പോള്‍ ചാറ്റ്  ചെയ്യും എന്നല്ലാതെ ഇത്രത്തോളം അവനെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.  കപടതയില്ലാത്ത കുട്ടി, ഒരിക്കലും കള്ളം പറയാത്ത സ്വഭാവം. നിഷ്കളങ്കത, തെറ്റുകള്‍ കണ്ടാല്‍ തിരിച്ചറിയാനും അതില്‍ നിന്ന് മാറി പോവാനുമുള്ള മനസ്സ്, തെളിഞ്ഞ ബുദ്ധി, എല്ലാം എന്നെ അത്ഭുതപ്പെടുത്തികളഞ്ഞു.

ഒത്തിരി ദാഹിച്ചിരിക്കുന്ന ഒരാള്‍ക്ക് വെള്ളം കിട്ടുന്ന പോലെ, അവന്‍റെ സാനിദ്ധ്യം എനിക്ക് ഒരുപാട് ആശ്വാസം തന്നു. വയസ്സില്‍ താഴെ ആയത് കൊണ്ട് തന്നെ വലിയ വലിയ കാര്യങ്ങള്‍ ഒന്നുമല്ല ഞങ്ങള്‍ സംസാരിച്ചിരുന്നത്, കൂടുതലും ക്വിസ് കളിക്കുകയായിരുന്നു ഇഷ്ട വിനോദം, പിന്നെ അവന്‍റെ അന്നന്നത്തെ വിശേഷങ്ങള്‍ ചോദിച്ചറിയുക, തമാശകള്‍ കേട്ടിരിക്കുക, അത്രയും മതി അടുത്ത രാത്രി വരെ എനിക്ക് കാത്തിരിക്കാന്‍...

പരിചയപ്പെട്ട് കുറെ ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ അവന്‍റെ ഫോട്ടോ   കാണുന്നത്, മനസ്സില്‍ പതിഞ്ഞ മറ്റൊരു മുഖത്തിന്‍റെ ആവര്‍ത്തനമായി തോന്നി ആദ്യ കാഴ്ചയില്‍ തന്നെ!!  അത്ഭുതം!!

തണുപ്പ് മാറി ചൂടായി...
ഇണങ്ങിയും പിണങ്ങിയും വളര്‍ന്ന സൗഹൃദം, സാഹോദര്യത്തിലേക്ക്  വഴിമാറി.
കല്‍ക്കട്ടയിലെ കുര്‍ത്ത ധരിച്ച ബുദ്ധിജീവികള്‍ക്കും സാദാ താഴ്ന്നു പറക്കുന്ന കാക്കകള്‍ക്കും നടുവില്‍ ഒറ്റയ്ക്കൊരു മനുഷ്യന്‍!! ഞാന്‍!! എന്‍റെ ഇത്തിരി സന്തോഷം അങ്ങ് ദൂരെ കേരളത്തില്‍ ഒരു കൊച്ചു പയ്യന്‍ അഭിജിത്ത്!! അന്നോളം വരെ ഒട്ടും ചിന്തിച്ചിട്ടില്ലാത്ത വഴികളിലൂടെ ജീവിതം സഞ്ചരിക്കുന്നു.

രാത്രി, കല്‍ക്കട്ടയുടെ മനോഹരമായ  വഴിയോരങ്ങളിലൂടെ  സംഗീത സാന്ദ്രമായ ബംഗാളി ഭാഷയിലെ പാട്ടുകളും  സംസാരങ്ങളും കേട്ട് കൊണ്ട് , വഴിയരികില്‍ കെട്ടിപ്പിടിച് മുത്തം കൊടുത്ത് കൊണ്ട് നില്‍ക്കുന്ന കമിതാക്കളെ കണ്ടു കൊണ്ട്, പ്രസിദ്ധമായ രാമകൃഷ്ണ മിഷന്‍ വരെ ഞാന്‍ നടക്കും , അതിനോട് ചേര്‍ന്ന്‍ ഒരു ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട്. ആരുടെ മെയിലിനും  അന്നൊന്നും മറുപടി കൊടുത്തിരുനില്ല, അഭിജിത്തിന് മാത്രം മറുപടി കൊടുക്കും , ഓണ്‍ലൈന്‍ ഉണ്ട് എങ്കില്‍ ചാറ്റും ചെയ്യും ഹാപ്പി ആയി തിരിച്ചു പോരും, അതികം താമസിയാതെ ലാപ്ടോപ് വാങ്ങിയപോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

പക്ഷെ  മിക്കവാറും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വരാന്‍ എനിക്ക് ഒരുപാട് കഷ്ടപാടുകള്‍ വേണ്ടി വന്നിരുന്നു.  അഭിജിത്ത് വരുന്ന സമയത്തേക്ക് ബോസ്സ് പോയാല്‍, ലാപ്‌ എടുത്ത് ഞാന്‍ ചാറ്റിങ് തുടങ്ങും. ഒരു കണ്ണ്‍ എപ്പോഴും പുറത്തേക്കു വയ്ക്കണം കാരണം എപ്പോഴാണ്  ബോസ്സ് കയറി വരിക എന്ന് പറയാന്‍ പറ്റില്ല. ആര്‍ടിസ്റ്റ് ഉള്ള ദിവസങ്ങളില്‍ ആണെങ്കില്‍ പ്രധാനപ്പെട്ട ചില മെയില്‍ അയക്കാന്‍ ഉണ്ട് എന്നും പറഞ്ഞു അവന്‍ വരുന്ന സമയം ബ്രേക്ക്‌ പറയും,

     ചില ദിവസങ്ങളില്‍ ബോസ്സ് പോയിട്ടുണ്ടാവില്ല, അപ്പോള്‍ എന്ത് ചെയ്യും ? ഞാന്‍ ഇന്ന് പുറത്തു നിന്നാണ് ആഹാരം കഴിക്കുന്നത് എന്നും പറഞ്ഞു പുറത്തേക്കു പോയി കഫെയില്‍ കയറി ചാറ്റ് ചെയ്യും. ഭക്ഷണം കഴികാനുള്ള സമയം അങ്ങനെ അവിടെ തീരും, ചാറ്റിംഗ് കഴിഞ്ഞു തിരിച്ചു വന്നു ജോലി തുടരും, അന്നത്തെ രാത്രി ഭക്ഷണം വേണ്ടെന്നു വയ്ക്കും എന്നാലും ചാറ്റ് ചെയ്യാന്‍ പറ്റിയല്ലോ എന്ന സന്തോഷം ഉള്ളില്‍...എന്‍റെ ഇത്തരം കള്ളകളികള്‍  തുടര്‍ന്ന് കൊണ്ടേ ഇരുന്നു...


ഒരു ഭാഗത്ത് ഔദ്യോദിക  ജീവിതം ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. റൈമ സെന്‍ , റിയ സെന്‍, പ്രഷുന്‍ജിത്, ഗൗതം ഗോഷ്, ഋതുപോര്‍ണോ ഗോഷ്, ദീപ്തി നബാല്‍ തുടങ്ങി ബംഗാളിലെ അതി പ്രശസ്തരുമായി എല്ലാം  നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു, National Award winning ആയിട്ടുള്ള കുറെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.എല്ലാ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളും ചേര്‍ത്ത് വച്ച് കൊണ്ടുള്ള, അതീമനൊഹരമായ പരിപാടി   ടാഗോറിന്‍റെ  സ്വന്തം വീട്ടില്‍ വച്ച്,  ഒരു ഇംഗ്ലീഷ് ചാനലിനു വേണ്ടി ലൈവ് റെക്കോര്‍ഡ്‌ ചെയ്തിരുന്നു, മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്, പക്ഷെ മനസ്സ് അതൊന്നും ആസ്വധിക്കുന്നുണ്ടായിരുന്നില്ല. ലണ്ടന്‍ എന്ന മായീക ഭൂമിയിലേക്ക് ജോലിക്ക്  പോകാന്‍ കിട്ടിയ അവസരവും നിസാരമായി തള്ളി കളഞ്ഞു.

ഒരു ഫ്ലാറ്റില്‍ ഞാന്‍ ഒറ്റയ്ക്ക്...ഒരു നാട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്...ഒത്തിരി യാത്ര ചെയ്യണമെന്ന്‍ ആഗ്രഹിച്ചിരുന്നു, സ്ഥലങ്ങള്‍ കാണണം  എന്നും ഉണ്ടായിരുന്നു, പക്ഷെ ദിവസത്തില്‍ 24 മണിക്കൂര്‍ പോര എന്ന്   കരുതുന്നവരുടെ അടുത്ത്    എന്ത് അവധി ചോദിക്കാന്‍ ? നമ്മുടെ സ്വാതന്ത്ര്യതിനോ  സമയത്തിനൊ  വില നല്‍കാത്തവര്‍ക്ക് അടിമപ്പെട്ടു ജീവിക്കാന്‍  എനിക്ക് ഒരിക്കലും പറ്റുമായിരുന്നില്ല. ഏകദേശം 6 മാസം കൊണ്ട് തന്നെ കല്‍ക്കട്ട മടുത്തു പോയിരുന്നു,  പൊള്ളുന്ന ചൂട്! ഒരു മഴ വന്നിരുന്നു എങ്കില്‍...

മനസ്സ് കൂടുതല്‍ കൂടുതല്‍ ഏകാന്തമായി വന്നു.  ശരീരം ദിനപ്രതി ക്ഷീണിച്ചു വന്നു. ഉറക്കവും ശരിയാവാതെ വന്നപ്പോള്‍ ശരീരത്തിന്‍റെ ബലം കുറഞ്ഞു വന്നു.  വീട്ടില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ മനസ്സിനെ അങ്ങോട്ട് വലിക്കുന്നത് കൊണ്ട് അതും അരോചകമായി തോന്നുന്ന ഒരു തരം പ്രതിഭാസം സംഭവിച്ചു തുടങ്ങി. ജോലിയിലെ ശ്രദ്ധ കുറഞ്ഞു തുടങ്ങി. ആകെ ഒരു ആശ്വാസം അഭിജിത്ത് മാത്രം.  എന്‍റെ ആ ഒരു അവസ്ഥയില്‍ അവനോട് എത്ര നന്ദി പറഞ്ഞാലും തീരാത്ത ആശ്വാസം.എനിക്ക് ഒരു അനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എങ്ങനെ ആവുമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ തിരിച്ചറിവിന്‍റെ ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.

ചുറ്റും പ്രത്യക്ഷപ്പെട്ട രണ്ടു കറുത്ത വളയങ്ങള്‍ക്ക് നടുവില്‍ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങി...വെറുതെ നടക്കുമ്പോള്‍ വീഴാന്‍ പോകുന്ന അത്രയും ദേഹം ക്ഷീണിച്ചു തുടങ്ങി.  വിശപ്പ് തോന്നിയാലും കഴിക്കാന്‍ പറ്റാത്ത വിധം ശരീരം  പ്രതികരിച്ചു തുടങ്ങി. പണം എത്ര കിട്ടുന്നുണ്ട്  എങ്കിലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ അവിടം വിടുക എന്ന് എന്‍റെ  മനസാക്ഷി വീണ്ടും വീണ്ടും എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു. അഞ്ചു പേരോട് മാത്രം സംസാരിച്ചു, അനുവാദം ചോദിച്ചു അച്ഛനോടും അമ്മയോടും, ഗുരുക്കന്മാര്‍ ആയ ഫാദര്‍ പോള്‍, ജസ്റ്റിന്‍ ചേട്ടന്‍ പിന്നെ അഭിജിത്ത്. എല്ലാവരും പോന്നോളാന്‍ പറഞ്ഞു, അഭിജിത്ത് മാത്രം, വരാനും  വന്നാല്‍ പിന്നെ തിരിച്ചു പോവണ്ട എന്നും  പറഞ്ഞു

വീണ്ടും തിരിച്ചു നാട്ടിലേക്ക്...പച്ചപ്പിലേക്ക്...




1 comment: