Tuesday, January 31, 2012


     
എന്‍റെ  കുട്ടിക്കാലം  4 

തുളസിപൂമുറ്റം...


       ഒരു കാലത്ത്, വലിയൊരു കുന്നിന്‍റെ താഴ്വാരത്തില്‍ കാട് പിടിച്ചു കിടന്ന മേയ്ക്കാട്ട് മന പറമ്പ് പിന്നീട്  എന്‍റെ കാരണവന്‍മാര്‍ വാങ്ങിച്ചതായിരുന്നു, വലിയ വലിയ മരങ്ങളുള്ള, വിശാലമായ വയലിലേക്ക് കാലും നീട്ടിയിരിക്കുന്ന എന്‍റെയീ  മുത്തശ്ശി പറമ്പ്.

     പാരമ്പര്യ ആയുര്‍വേദ ചികിത്സയും അന്നത്തെ കാലത്തിനനുസരിച്ചുള്ള മന്ത്രവാദ സല്‍ക്രിയകളും ആയിരുന്നു തൊഴില്‍. അധികം താമസിയാതെ തന്നെ മുറ്റവും തൊടിയും ഔഷധ ചെടികളുടെയും മന്ത്ര ധ്വനികളുടെയും  മഹാലോകമായി  മാറി. തലയുയര്‍ത്തി നില്‍ക്കുന്ന തറവാടിന്റെ നേരെ മുന്നില്‍, ഓരോ പുല്‍കൊടിയുടെയും സന്തതി പരമ്പരകളുടെയും കാവലാള്‍ സാക്ഷാല്‍ ശ്രീ ഹനുമാന്‍ തന്നെയായി. തൊടിയുടെ കുന്നിന്‍ ചെരുവിലെ അരളി മരത്തിന്‍റെ താഴെയായി വേറെയും കുറെ ദൈവ സങ്കല്പങ്ങള്‍ പ്രതിഷ്ടിക്കപെട്ടു.

     ലളിത സഹസ്ര നാമങ്ങളും വിഷ്ണു സഹസ്രനാമങ്ങളും ഹരിനാമ കീര്‍ത്തനങ്ങളുമെല്ലാം സാദാ മുഴങ്ങിക്കേട്ടിരുന്ന അകത്തളങ്ങളും ഇരുള്‍ ചുവരുകളും... അകം നിറഞ്ഞ താളിയോല ഗ്രന്ഥങ്ങള്‍, എഴുത്താണികള്‍, മഴ പെയ്യുന്ന രാത്രിയില്‍, ജനലഴിയില്‍ മുഖം ചേര്‍ത്ത് ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കാറുള്ള   മുകളിലെ ആ മുറി ...എല്ലാം മണ്മറഞ്ഞ എന്‍റെ പൂര്‍വ്വികര്‍ പണിതുയര്‍ത്തി, അധികാരത്തോടുകൂടി കയ്യാളിയിരുന്ന   അവരുടെ സാമ്രാജ്യമായിരുന്നല്ലോ  എന്ന്, ചരിത്രങ്ങള്‍  അറിഞ്ഞതില്‍ പിന്നെ ഞാന്‍ കൂടെ കൂടെ ഓര്‍ക്കാറുണ്ട്.

     ഓരോ തലമുറയിലെയും മുതിര്‍ന്ന ആണ്‍കുട്ടിക്ക് കൈമാറുന്നതാണ് തറവാട്ടിലെ മൂലമന്ത്രവും മറ്റു മന്ത്രങ്ങളും. എല്ലാം നിഷ്കര്‍ഷയോടെ പഠിച്ചിരിക്കണം എന്നതും കീഴ്വഴക്കം. അദ്ദേഹമല്ലാതെ മറ്റാരും കയറാനോ തൊടാനോ പാടില്ലാത്ത പല ഭാഗങ്ങളും തറവാട്ടിലുണ്ട്. ഇന്നും അതെല്ലാം അതെ പടി തന്നെ തുടര്‍ന്ന് വരുന്നു എന്നത് ഒരുപക്ഷെ പുറമെയുള്ള പലര്‍ക്കും അംഗീകരിക്കാന്‍ ആവത്തതാവാം.  ഈയുള്ളവനാണ് ഈ തലമുറയിലെ അതിനെല്ലാം വിധിക്കപെട്ട അവസാന കണ്ണി.

    ചെറുപ്പംതോട്ടെ, എന്‍റെ കാരണവന്മാരായ ഗുരുക്കന്മാര്‍ ഇടയ്ക്കിടെ വീട്ടിലെ അമ്പലത്തില്‍ ചെയ്യുന്ന പൂജാദി കര്‍മ്മങ്ങളും മന്ത്രകളങ്ങളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അന്നെല്ലാം തുളസിപൂ കതിര് നുള്ളാന്‍ ഏല്‍പ്പിക്കുന്നത് എന്നെയാണ്. തേച്ചിയുടെയും തുളസിയുടെയും ചന്ദന തിരിയുടെയും ഭസ്മത്തിന്റെയും ഭക്തി മണമുള്ള സായാഹ്നങ്ങള്‍... ചില പൂജകള്‍ പുലര്‍ച്ച വരെയും നീളുമായിരുന്നു... ഇന്ന്  അവയെല്ലാം സമയാ സമയങ്ങളില്‍  ചെയ്യുക എന്നത് എന്‍റെ കടമയും ഉത്തരവാദിത്തവും ആയി മാറിയിരിക്കുന്നു.

     ബാല്യത്തില്‍ കൂട്ടുകാരെയും കുട്ടികളികളെയും മാറ്റി നിര്‍ത്തി കുറച്ചു  ഗൌരവത്തോടെ ഞാന്‍ സമീപിച്ചിരുന്ന ഒരേ ഒരു കാര്യം ഇതായിരുന്നു...എല്ലാം കഴിഞ്ഞു, ചീവീടുകള്‍ വിശ്രമമില്ലാതെ മൂളുന്ന  രാത്രി അമ്മയുടെ കൂടെ, അനങ്ങുമ്പോള്‍ കീ കീ ശബ്ദമുണ്ടാക്കുന്ന മരത്തിന്‍റെ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നാലും, മനസ്സില്‍, തുളസിപ്പൂ മണവും നിറഞ്ഞു കത്തുന്ന ദീപങ്ങളും പത്മത്തിലെ രക്ത വര്‍ണ്ണങ്ങളും മയങ്ങാന്‍ കൂട്ടാക്കാതെ തല പൊക്കി നോക്കി കൊണ്ടേ ഇരിക്കും... പിന്നീട് രാവിന്‍റെ ഏതോ യാമത്തില്‍ ചീവീടുകളും എന്‍റെ കട്ടിലും കാതുകള്‍ക്ക് വിദൂരമാവും, ഞാനും എന്‍റെ മായ കാഴ്ചകളും നിലയില്ലാ കയത്തിലേക്ക് അറിയാതെ അറിയാതെ....

Friday, January 27, 2012


   
എന്‍റെ കുട്ടിക്കാലം 3


സ്വപ്നഭൂമിയില്‍  3 


     ഇന്ന് എന്തോ പറഞ്ഞപ്പോ അമ്മ എന്നെ ഒന്ന്  തല്ലി. എനിക്ക് ഒട്ടും വേദനിച്ചില്ല, അത് ഒരിക്കലും എന്‍റെ ശരീരം വളരെ ശക്തിയുള്ളതായത് കൊണ്ടോന്നുമല്ല  മറിച്ച് ഞാന്‍ മനസ്സിലാക്കിയ സത്യം അമ്മ വളരെ ദുര്‍ബലയായിരിക്കുന്നു. അമ്മയ്ക്ക് പ്രായമാവുന്നു. അമ്മയുടെ കൈകള്‍ ഒരു പ്ലാവില പോലെ ശക്തിയില്ലാത്തതായിരിക്കുന്നു.
      



 
     മുന്‍പൊക്കെ അമ്മയടിച്ചാല്‍ എനിക്ക് വേദനിക്കും, ഞാന്‍ ഓടും, നീളമുള്ള ഞങ്ങളുടെ പടിയിലൂടെ...കുറച്ചു കഴിഞ്ഞു  ഞാന്‍ പമ്മി പമ്മി തിരിച്ചു വരുമ്പോഴേക്കും അമ്മയതൊക്കെ മറന്നു കാണും. ഞാനും എല്ലാം മറന്ന പോലെ   അവിടെയൊക്കെ ചുറ്റി പറ്റി നടന്നു നോക്കും, അമ്മ മറന്നോ എന്ന് ഉറപ്പു വരുത്താതെ അടുത്തേയ്ക്ക് ചെല്ലരുതല്ലോ.
   അപ്പോഴേക്കും സിമിയും സിലുവും ഒക്കെ  അവരുടെ വീട്ടിലെ കോഴി കുഞ്ഞുങ്ങളെയും കൊണ്ടുവരും. മചിങ്ങയില്‍ ഈര്‍ക്കില്‍ വളച്ചു കുത്തി മാല പോലെ ആക്കി കോഴി കുഞ്ഞുങ്ങളുടെ  കഴുത്തില്‍ ഇടുന്ന ഒരു കളിയായിരുന്നു അന്ന് കളിക്കാന്‍ കൂടുതല്‍ ഇഷ്ടം. അത് കഴുത്തില്‍ വീഴുമ്പോ അവരുടെ ഒരു പരാക്രമം ഉണ്ട് . അതൊന്നു  കാണാന്‍ ആണ് ഇതൊക്കെ ചെയുന്നത്..ഞങ്ങള്‍ ഒക്കെ വട്ടത്തില്‍ ഇരുന്നു കൈക്കൊട്ടി ചിരിക്കും, ഞാന്‍ ആണ് അതില്‍ ഏറ്റവും ചെറുത് .

     ഇന്ന് സിമിക്കും സിലുവിനും എന്‍റെ ചേച്ചി രമ്യക്കും ഒക്കെ, ഇത് പോലുള്ള കളികള്‍ കളിക്കാന്‍ പ്രായമായ  കുട്ടികള്‍ ആയി... ആ കുട്ടികളാരും ഇങ്ങനെയുള്ള  കളികള്‍ കളിക്കുന്നില്ല എന്ന്  മാത്രം....

     ഗീതേച്ചിയുടെ കൂടെ ഞാവല്‍ പഴം പറക്കാന്‍ പോവുന്നതാണ് മറ്റൊരു സുഖമുള്ള ഓര്‍മ്മ. കിഴക്കുള്ള കുന്നിന്‍ പുറത്താണ് ഞാവല്‍ കാടുകള്‍. അവിടെയെത്തിയാല്‍ നല്ല കാറ്റാണ് എപ്പോഴും.  പലതരം മരങ്ങള്‍ , അതില്‍ കൂടുതലും  ഞാവലുകള്‍ ആണ്. ഞങ്ങള്‍ അവിടെയെല്ലാം ഓടി കളിക്കും,  പരന്നു കിടക്കുന്ന കരിയിലകളില്‍ ചവിട്ടുമ്പോള്‍, ഒരു കാറ്റില്‍ മുട്ടോളം ഉയരത്തില്‍ കരിയിലകള്‍ പറന്നു പോവുമ്പോഴെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ... 


    ഇന്ന്, ഞാവല്‍ മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ കുന്നിന്‍പുറങ്ങള്‍  മണ്ണെടുപ്പുക്കാരുടെ ഇഷ്ട ഭൂമിയാണ്‌. അവിടെയിപ്പോള്‍ മരങ്ങളില്ല, കുന്നുകളുമില്ല, ഓടികളിക്കാനും ഞാവല്‍ മരത്തില്‍ കയറാനും, താഴെ വീഴുന്ന പഴങ്ങള്‍ പെറുക്കി, കുമ്പിള്‍ കുത്തിയ ഇലകളില്‍ ശേഖരിക്കാനും, മോഹിക്കുന്ന കുട്ടികളുമില്ല...  

      പോടിയെനിയിലകള്‍ കുമ്പിള്‍ കുത്തി അതില്‍ നിറച്ച ഞാവല്‍ പഴങ്ങള്‍ കൊണ്ട് കുന്നിറങ്ങുമ്പോള്‍ ഞാനും വലുതായി എന്നൊരു തോന്നല്‍ ഉള്ളില്‍ ഉണ്ടാവും...നിലത്തു വീണു ചതഞ്ഞ ഞാവല്‍ പഴങ്ങള്‍ ആയിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം... വീട്ടിലെത്തിയാല്‍ ഗീതേച്ചി എല്ലാം കൂടി ഉപ്പിലിട്ട് mix  ചെയ്ത് തരും.  

     വീണ്ടും പടിഞ്ഞാറന്‍ മാനത്ത് സന്ധ്യ പൂക്കും, പാടത്തെ പണി കഴിഞ്ഞു ആളുകള്‍ പോവുന്നുണ്ടാവും, കോഴികുഞ്ഞുങ്ങളെ തിരികെ കൂട്ടില്‍ കയറ്റാന്‍ സിലുവും സിമിയും അവരുടെ അമ്മയുമെല്ലാം പാടുപെടുന്നുണ്ടാവും, ഒച്ചയും ബഹളവും ചിരിയും കളിയും ഒക്കെ കേള്‍ക്കാം അവിടെ നിന്ന്. എന്നും വീട്ടില്‍ വന്നു പോവുന്ന, ബാബുവേട്ടന്റെ പിങ്കി എന്ന് പേരുള്ള  നായ ഇരുളിന്‍റെ വിശാലതയില്‍  ആരെയോ തിരയുന്ന പോലെ ഒരുവട്ടം കൂടി വന്നു പോവും...കിഴക്കേ കുന്നിറങ്ങി  വഴി തെറ്റിയിട്ടെന്ന പോലെ ഒരു കുറുക്കന്‍ പാഞ്ഞു പോയെന്നും വരാം...

കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ , ഹനുമാന്‍ തറയ്ക്ക് അഭിമുഖമായി  ഞാനും ചേച്ചിയും അപ്പോഴേക്കും നാമം ചൊല്ലാന്‍ തുടങ്ങിക്കാണും....

കണികാണും നേരം കമല നേത്രന്റെ....
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി...