Monday, February 21, 2011

ഒരു യാത്രമൊഴി....

ഞാനില്ലെങ്കിലും പൂക്കള്‍ വിരിയും... കിളികള്‍ പാടും... പുഴകള്‍ പായും...
രാത്രിയും പകലും ഉണ്ടാവും...ഋതുക്കള്‍ മാറി മാറി വരും...
പങ്കു വെയ്ക്കപെട്ട ഹൃദയങ്ങളിലെ നഷ്ടമാകുന്ന സൌഹൃദത്തിന്‍റെ ശൂന്യത പടര്‍ന്നു കയറു.
ഞാന്‍ എന്‍റെ സ്വര്‍ഗം ഇവിടെ ഉപേക്ഷിക്കുന്നു.
                                                      എന്‍റെ  ആത്മാവുമായി  അലിഞ്ഞു   ചേര്‍ന്ന,         വളര്‍ന്ന   ചുറ്റുപാടിനെ
ഞാനിവിടെ ഉപേക്ഷിക്കുന്നു.
അവയില്‍ നിന്ന് എന്നെ  പറിച്ച് എടുക്കുമ്പോള്‍ അടര്‍ന്നു പോകുന്നതെല്ലാം എന്‍റെ നഷ്ട സ്വപ്നങ്ങളാണ്, എന്‍റെ ശീലങ്ങളാണ്, എന്‍റെ മനസ്സിന്റെ കുളിര്‍മ്മയാണ്‌... 
ഇനി എന്നിലെ സഞ്ചാരി ഉണരട്ടെ !!
കണ്ണും കാതും തുറന്നു വച്ചൊരു യാത്ര.   
ഞാനിവിടെ ബാക്കി വച്ചതെല്ലാം മറ്റൊരു തുടര്‍ച്ചക്കായ്-
എന്നെ കാത്തിരിക്കും എന്ന വിശ്വാസത്തോടെ,
ഞാന്‍ പോകുന്നു................................

Saturday, February 19, 2011

എന്‍റെ കുട്ടിക്കാലം(2)

   
                 സ്വപ്നഭൂമിയില്‍...(2)
    
   മരത്തിന്‍റെ ഗോവണിപ്പടിയിലൂടെ 'ടാപ്പ് ടാപ്പ്' ശബ്ദമുണ്ടാക്കി കയറുന്നതും ഇറങ്ങുന്നതും എനിക്ക് അന്നൊക്കെ എന്ത് ഇഷ്ടമായിരുന്നെന്നോ ? മുകളിലെ മുറിയിലെ തുറന്നിട്ട ജനാലയുടെ മരംകൊണ്ട് തീര്‍ത്ത വലിയ അഴിയില്‍ കുഞ്ഞികൈകള്‍ മുറുകെ പിടിച്ച്, രണ്ട് അഴികളുടെ  ഇടയില്‍ മുഖം ചേര്‍ത്തുവച്ച്  പുറത്തോട്ട് നോക്കി നില്‍ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്. അവിടെ നിന്നാല്‍ മുറ്റത്ത് നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്‍റെ കൊമ്പുകള്‍ എനിക്ക് എന്‍റെ   ഉയരത്തില്‍ കാണാനാവുമായിരുന്നു. അതില്‍ വന്നിരിക്കുന്ന   കിളികളെ  കൈ കാട്ടി വിളിക്കാനാവുമായിരുന്നു. താഴെ ആത്തച്ചക്ക കൊത്തി തിന്നുന്ന കറുമ്പികാക്കകളെയും  തെങ്ങിന്‍പൂക്കുല കടിച്ച് പൊഴിക്കുന്ന  അണ്ണാരക്കണ്ണ‍നെയുമൊക്കെ നോക്കി വിസ്മയിച്ചങ്ങനെ നില്‍ക്കുമ്പോള്‍, സകല ചരാചരങ്ങളുടെയും സ്നേഹവായ്പ്പുകള്‍  സമാഹരിച്ച് പച്ചിലകൂട്ടങ്ങളെയെല്ലാം   വാരിപുണര്‍ന്നുകൊണ്ട് പാഞ്ഞടുക്കുന്ന തെക്കന്‍ക്കാറ്റ്, നെറ്റിയില്‍ വീണുകിടക്കുന്ന എന്‍റെ മൃദു മുടിയിഴകളെ വകഞ്ഞുമാറ്റി  അവിടെ തുളസിപൂ മണമുള്ള മുത്തം തരുമായിരുന്നു. അറിയാതെ കണ്ണുകളടഞ്ഞു പോകുന്ന നിമിഷം. സര്‍വ്വം മറന്ന്, പ്രകൃതിയുമായുള്ള  മൗനസല്ലാപത്തില്‍ ലയിച്ച് അങ്ങനെ എത്ര നേരം...
      അന്നത്തെ എന്‍റെ പ്രാധാന കൂട്ടുകാര്‍ എന്‍റെ ചേച്ചി രമ്യ, സിമി,  സജി, സിലു, ബാബുവേട്ടന്‍, ഗീതേച്ചി  എന്നിവരോക്കെയായിരുന്നു.  ഇതില്‍ എല്ലാവരും എന്നെക്കാള്‍ വലിയവരാണെങ്കിലും ഗീതേച്ചിയും ബാബുവേട്ടനും ഒരുപാട് മൂത്തതായിരുന്നു. ചെറുപ്പത്തില്‍ ഗീതേച്ചിയോടായിരുന്നു ഞാന്‍ ഏറ്റവും കൂട്ട്. ഗീതേച്ചിക്ക് നല്ല വെളുത്ത  രണ്ടു  ആട്ടിന്‍കുട്ടികളുണ്ടായിരുന്നു. അതിനെ  തീറ്റാനെന്നും  പറഞ്ഞ് ഞങ്ങള്‍ പാടത്തേയ്ക്ക് പോകും. ഗീതേച്ചി എന്‍റെ എല്ലാ കുറുമ്പുകള്‍ക്കും  കൂട്ടുനില്‍ക്കും. പാടത്തെത്തിയാല്‍ എനിക്ക് പിന്നെ സര്‍വ്വ സ്വാതന്ത്ര്യമാണ്.  


                     ഞങ്ങള്‍ (ഞാനും ഗീതേച്ചിയും  ആട്ടിന്‍കുട്ടികളും) അവിടെയെല്ലാം കളിച്ചു നടക്കും, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന  വയലിനെ  വെല്ലുവിളിച്ചു  കുറേ ഓടി നോക്കും, 
   വരമ്പോരങ്ങളില്‍ ചാഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍തയ്യിന്റെ പച്ചോലപട്ടകളില്‍  ഊഞ്ഞാലാടികളിക്കും, ഇതിനിടയില്‍ ഗീതേച്ചി  കോളേജില്‍ നടക്കുന്ന കഥകളും നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും, എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍  നേരം ത്രിസന്ധ്യ ! പടിക്കല്‍ തന്നെ അമ്മ കാത്തു നില്‍പ്പുണ്ടാവും, പിന്നെ കുളി കഴിഞ്ഞ് നാമം ജപിക്കാന്‍ ഇരിക്കണം,  നാമം എന്തെങ്കിലുമൊക്കെ  ഉരുവിടും  ഒപ്പം  tubelight -ന്‍റെ  ചുവട്ടില്‍ ചിതറി വീഴുന്ന പലതരം പ്രാണികളെ  പിടിച്ച്  ഒരിടത്ത് കൂട്ടിവയ്ക്കുന്നുമുണ്ടാവും, ചിലതിനെ പിടിച്ച് അടുത്തിരിക്കുന്ന ചേച്ചിയുടെ  തലയില്‍  കൊണ്ടിടുന്നതും  എന്‍റെ അക്കാലത്തെ  വിനോദങ്ങളില്‍  ഒന്നായിരുന്നു.
    രാത്രിയില്‍, മുകളിലെ ഞങ്ങളുടെ കിടപ്പുമുറിയിലെ ജനല്‍  തുറന്നുവച്ച് അമ്പിളിമാമനെ കാണാന്‍ എനിക്ക് ഇഷ്ടമായിരുന്നു എങ്കിലും അവിടെനിന്ന് കിഴക്കോട്ട് നോക്കാന്‍ നല്ല പേടിയായിരുന്നു, കാരണം കിഴക്കേ കുന്നിന്‍ മുകളില്‍  അപ്പോഴും  കുറുക്കന്‍മാര്‍ ഓരിയിടുന്നുണ്ടാവും. അതുപോലെ തന്നെയായിരുന്നു മഴയുടെ കാര്യവും. പാതി തുറന്ന  മരജനവാതിലുകളെ  ശക്തിയായി അടച്ചും തുറന്നും തണുത്ത കാറ്റിന്‍റെ കയ്യില്‍ മഴ വരവറിയിക്കുമ്പോള്‍ തുടങ്ങും, പടിഞ്ഞാറോട്ട് നോക്കി മഴക്കായുള്ള എന്‍റെ കാത്തിരുപ്പ്. പിന്നെ പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴ, എന്‍റെ കവിളുകളിലും നെറ്റിത്തടത്തിലും ജലത്തുള്ളികളെ പേറിവരുന്ന കുളിര്‍ക്കാറ്റിന്‍റെ മരവിച്ച വിരലുകള്‍ വിതറുന്ന കോരിത്തരിപ്പുകള്‍. മരത്തിന്‍റെ, വണ്ണമുള്ള ജനലഴികളില്‍ പിടിച്ച്, മഴയുടെ കുളിരും കുറുമ്പും  ആത്മാവുകൊണ്ട്  അനുഭവിച്ചും ആസ്വദിച്ചും അങ്ങനെ നില്‍കുമ്പോഴാവും വില്ലനായി ഇടിവെട്ടിന്‍റെ  കടന്നുവരവ്, അതോടുകൂടി രസംകൊല്ലിയായെത്തിയ ഇടിവെട്ടിനെ ശപിച്ചും  അതിലുപരി പേടിച്ചും  കട്ടികമ്പിളി  പുതപ്പിനടിയില്‍ അഭയം തേടും.
   രാത്രി നല്ല മഴപെയ്താല്‍ പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു  ഞാന്‍ പോയി മുറ്റം നോക്കുമായിരുന്നു, അച്ഛന്‍  എപ്പോഴോ  പറഞ്ഞുകേട്ടിട്ടുള്ള ആലിപ്പഴം വീണിട്ടുണ്ടോ എന്ന് നോക്കാനാണ്  തിരക്കിട്ട്  എഴുന്നെല്‍ക്കുനതും മുറ്റത്തേയ്ക്ക് ഓടുന്നതും. നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന മുറ്റവും, ചെറിയ കാറ്റില്‍ രാത്രി പെയ്ത മഴയുടെ കൊച്ച് കൊച്ച് ആവര്‍ത്തനങ്ങള്‍  തീര്‍ക്കുന്ന വലിയ മരങ്ങളും, ഒന്നായ്  കുളിച്ച് പുതിയ പച്ചപ്പുമായി   ഉന്മേഷത്തോടെ നില്‍ക്കുന്ന പലത്തരം ചെടികളുമെല്ലാം  എനിക്ക് എന്തെന്നില്ലാത്ത  ഉണര്‍വ്വേകും. കിഴക്കേ കുന്നില്‍ നിന്ന് അപ്പോഴും വരിവെള്ളം  നിലയ്ക്കാതെ ഒഴുകുന്നുണ്ടാവും...
     ഗീതേച്ചിയുടെ കൂടെ പിന്നെയും പുറത്തെല്ലാം  പോവുമായിരുന്നു. തോര്‍ത്തുമുണ്ടുകൊണ്ട് കുളത്തില്‍ മീന്‍പിടിക്കാന്‍ പോവും, കിട്ടുന്ന  മീനിനെ കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ടുവയ്ക്കും, മൂന്നാംദിവസം ആവുമ്പോഴേക്കും അതെല്ലാം ചത്തു പൊന്തിയിട്ടുണ്ടാവും പിറ്റേന്ന് പിന്നെയും പോവും. ഗീതേച്ചി  പഠിക്കാന്‍ ഇരിക്കുമ്പോള്‍ കൂട്ടിന് എന്നെയാണ്   വിളിക്കാറുണ്ടായിരുന്നത്. അപ്പോഴും പാഠഭാഗങ്ങളിലെ   കുറെ കഥകള്‍ പറഞ്ഞ് തരുമായിരുന്നു. അങ്ങനെയിരിക്കെ ഗീതേച്ചിയുടെ കല്യാണം കഴിഞ്ഞു. പിന്നീട് വളരെ പക്വതയുള്ള ഒരു വലിയ ചേച്ചിയെ പോലെയാണ് എന്നോട് പെരുമാറിയത്. പിന്നെ പതുക്കെ പതുക്കെ ഒട്ടും കാണാതെയുമായി. 
    സജിയും ഞാനും അന്നത്തെ ബുദ്ധിക്കനുസരിച്ചുള്ള ബുദ്ധിപരമായ ചര്‍ച്ചകള്‍ പതിവായിരുന്നു.  കണ്ടതും കേട്ടതുമായ കഥകള്‍  തീവ്രഭാവത്തോടെ അവതരിപ്പിക്കാന്‍ അവനൊരു പ്രത്യേക  കഴിവ്  തന്നെ ഉണ്ടായിരുന്നു. തെറ്റായാലും ശരിയായാലും എന്ത് ചോദിച്ചാലും അവന്‍റെ കയ്യില്‍ ഉത്തരം ഉണ്ടാവും. എന്നെക്കാള്‍  നാല് വയസ്സിനു  മുതിര്‍ന്നതായതുകൊണ്ടാവാം  എന്തുകാര്യവും  പറഞ്ഞു തരാന്‍ അവന്‍ മടികാണിച്ചിരുന്നില്ല. പിന്നെ ഒരു രസമുള്ളത്, രംഗം കൊഴുപ്പിക്കാന്‍ അവന്‍ അന്ന് കുറെ കള്ളങ്ങള്‍ പറയുമായിരുന്നു. അവന്‍ പറയുമ്പോള്‍ ഞാന്‍ അതൊക്കെ  വിശ്വസിച്ച് മിഴിച്ചിരുന്നു കേള്‍ക്കും. സത്യം മനസിലാക്കി, "അതൊക്കെ കള്ളമായിരുന്നല്ലേ ?"  എന്ന്  പിന്നീടെപ്പോഴെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും  "ഹാ നീയപ്പോഴേക്കും അതൊക്കെ വിശ്വസിച്ചോ ??? "  അപ്പോള്‍ തെറ്റ്  മുഴുവന്‍ എന്‍റെതായപ്പോലെ കുറ്റബോധത്തോടെ ഞാന്‍ തലത്താഴ്ത്തി ഇരിക്കും.
     കുറച്ചുകൂടി വലുതായതിനുശേഷം എന്നെ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതും ചെസ്സിന്‍റെ കരുനീക്കങ്ങള്‍ പഠിപ്പിച്ചതും, പാടത്ത് വലിയ ചേട്ടന്‍മാര്‍  ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന,   കളിയുടെ മാത്രമായ ഒരു ലോകമുണ്ടെന്ന് എന്നെ അറിയിച്ചതും സജിയായിരുന്നു. ഒരു കവണ ഞാന്‍ ആദ്യം കാണുന്നതും അതുകൊണ്ട് കിളികളെ തെറ്റി വീഴ്ത്താം എന്നറിയുന്നതുമെല്ലാം സജി കാരണം തന്നെ. ചുരുക്കി പറഞ്ഞാല്‍ നാട്ടിലെ എല്ലാ ലൊട്ടുലൊടുക്ക് കുറുക്കുവിദ്യകളെ പറ്റിയെല്ലാം എനിക്ക് ആദ്യം പറഞ്ഞു തരുന്നത് സജിയാണ്.  
   ഓണത്തിനു ഞങ്ങളെല്ലാംകൂടി  പൂപ്പറിക്കാന്‍ പോവുന്നത് കിഴക്കേ കുന്നിന്‍റെ മുകളിലേക്കാണ്. അവിടെ പേര്‍ അറിയാത്ത, വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കള്‍ ഉണ്ടാവും. കുന്നിന്‍പുറത്തെ പാറപുറത്ത് പറ്റികിടന്നു വളരുന്ന  ഒരുതരം ചെടിയിലാണ് ആ പൂവുണ്ടാവുക, അതുപോലെ മഞ്ഞനിറത്തിലുള്ള വലിയ കോളാമ്പിപ്പൂ തുടങ്ങി ഒരുപാട് തരത്തില്‍പെട്ട പൂക്കളുമായി,
 നാളെയിടാനുള്ള പൂക്കളത്തെപറ്റി ചിന്തിച്ചും പറഞ്ഞും  ഞങ്ങള്‍ കുന്നിറങ്ങുമ്പോള്‍ പടിഞ്ഞാറന്‍ മാനത്ത് അന്തിസൂര്യന്‍ ഒരു വലിയ  ചുവന്ന  വട്ടമായി  യാത്രക്കൊരുങ്ങി  നില്‍പ്പുണ്ടാവും,  ഒപ്പം തിരികെ  കൂടണയാന്‍   തിടുക്കംകൂട്ടി  പറക്കുന്ന  ഒരായിരം പക്ഷികളും...                
  
                           

Thursday, February 17, 2011

 എന്‍റെ കുട്ടിക്കാലം (1)
    
                     സ്വപ്ന ഭൂമിയില്‍ ....

    ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇപ്പോഴത്തെ  വീട്ടിലേക്കു  താമസം മാറുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ  നഷ്ടങ്ങളിലൊന്നായി  ഇന്ന് ഞാന്‍ കാണുന്ന കാര്യം അന്നാണ് സംഭവിച്ചത്... എന്‍റെ വീട്!! ചുറ്റും ഉമ്മറവും എപ്പോഴും ഇരുട്ട് നിറഞ്ഞ ഇടനാഴിയും ഗോവണിയും തട്ടിന്‍പുറവും ഒക്കെ ഉള്ള ഒരു പഴയ തറവാട്. ഇരുന്നൂറു വര്‍ഷത്തെ പഴക്കമെങ്കിലും എന്‍റെ വീടിനു അന്ന്   ഉണ്ടായിരുന്നു. ആ വീട് പൊളിച്ചു നീക്കിയാണ് ഇപോഴത്തെ വീട്ടിലേക്ക്  വരുന്നത്. അതായിരുന്നു ഞാന്‍ മനസ്സിലാക്കിയ എന്‍റെ ആദ്യത്തെ നഷ്ടം!!!
    വീടിന്‍റെ കിഴക്ക് ഭാഗം മുറ്റത്തു നിന്നേ  ചാഞ്ഞു  കിടക്കുന്ന  ഒരു വലിയ കുന്നാണ്‌. നിറയെ പറങ്കിമാവിന്‍  തോപ്പുകളും മുളംകാടുകളും  നിറഞ്ഞ്,  ഉച്ചയ്ക്കും  ഇരുള്‍ പരത്തുന്ന കുന്ന്.  മുളംകാടിന്റെ മര്‍മ്മരങ്ങള്‍  എന്‍റെ മധ്യാഹ്നങ്ങള്‍ക്ക്   അകമ്പടിയായിരുന്നു. ഒരുപാട് പക്ഷികളുടെ നിറഞ്ഞ സാന്നിധ്യം,  ഒപ്പം മുയലുകളും മയിലുകളും കുറുക്കന്മാരും എല്ലാം നിറഞ്ഞ ഒരു പ്രത്യേക അന്തരീക്ഷം... കാറ്റിന് കരിയില സംഗീതവും അകില്‍ മരത്തിന്‍റെ   ഔഷധ ഗുണമുള്ള കുളിര്‍മയുള്ള  ഗന്ധവും, അവിടം  വ്യത്യസ്തമായിരുന്നു. ഈ കുന്നിന്‍റെ നെറുകയില്‍ പഴയ കൊച്ചി രാജ്യത്തിന്‍റെ അതിര്‍ത്തിയുണ്ട് ഇപ്പോഴും... ആ അതിര്‍ത്തിയോളം ഞങ്ങളുടെ അധീനതയിലുള്ളതായിരുന്നു.
    നല്ല നിരപ്പുള്ള വിശാലമായ മുറ്റത്തൊക്കെ എപ്പോഴും തണല്‍ പരന്നു  കിടക്കുമായിരുന്നു.  വീടിന്‍റെ   ചുറ്റോടുചുറ്റും   പടുവൃക്ഷങ്ങള്‍, പന്തലിച്ചു നില്‍ക്കുന്ന കൂറ്റന്‍ മാവുകളും മറ്റു  പലതരം  മരങ്ങളും ചെടികളും... എന്‍റെ പൂര്‍വ്വികര്‍ പാരമ്പര്യ വൈദ്യന്മാര്‍ ആയിരുന്നതിനാല്‍ ചെടികളില്‍ മിക്കതും ഔഷധ ചെടികള്‍ ആയിരുന്നു. വീടിന്‍റെ മുന്നില്‍  ഒരു തുളസികാട് തന്നെ ഉണ്ടായിരുന്നു. മന്ത്രവും മരുന്നും മണക്കുന്ന അവിടുത്തെ വായുവില്‍ ആരുടേയും ഉള്ളു തണുപ്പിക്കുന്ന ഒരു ആശ്വാസകുളിരു ണ്ടായിരുന്നു.
  പടിഞ്ഞാറോട്ടാണ്  വീടിന്‍റെ മുഖം. നേരെ കാണുന്നത് നമ്മുടെ  തന്നെ തൊടിയാണ്. വിശാലമായ കവുങ്ങിന്‍ തോട്ടം, ഇടയില്‍  കുറെ വാഴയും തെങ്ങും മുരിങ്ങയുമെല്ലാം ഉണ്ട്, എപ്പോഴും മരംകൊത്തിയുടെ തട്ടും പാട്ടും വാഴക്കയ്യുകളില്‍ ചാടി കളിക്കുന്ന അണ്ണാരകണ്ണന്‍റെ  ചില്‍ ചില്‍ താളവും ഒക്കെയായി ശബ്ദമുഖരിതമായ അവസ്ഥ... അതിനുമപ്പുറം ഒരു കൊച്ചു കൊക്കരണി (കിണറിന്‍റെയും കുളത്തിന്‍റെയും സങ്കര രൂപം) പിന്നെ വലിയൊരു കുളം.                                                                                           

                   
പിന്നെയും      പടിഞ്ഞാറോട്ട് കണ്ണയച്ചാല്‍  വിശാലമായ പാടശേഖരം. ശേഷം പടിഞ്ഞാറന്‍ ചക്രവാളം...
         
    വീട് നില്‍ക്കുന്നത് ഒരു കുന്നിന്‍റെ താഴ്വാരത്തില്‍  ആണ് എന്ന് പറഞ്ഞല്ലോ, സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് അതും ഉയര്‍ന്ന സ്ഥലം തന്നെയാണ്. അത് കൊണ്ട് തന്നെ വീടിന്‍റെ മുറ്റത്തു നിന്നാല്‍  പാടം  വരെയുള്ള ഭാഗങ്ങള്‍  കാണാന്‍ പറ്റുമായിരുന്നു.
                                                       മഴവരുമ്പോള്‍ ആണ് രസം....  
 വയലില്‍നിന്ന് ശേ......ശബ്ദത്തില്‍ വന്ന് വന്ന് കുളത്തില്‍ കുറെ ഓളങ്ങള്‍ തീര്‍ത്ത് അവിടെ നിന്നും കയറി കവുങ്ങിന്‍ തലപ്പുകളിലും വാഴയിലകളിലും തൊട്ടു തലോടി ഇക്കിളി ആക്കി, തോട്ടത്തെ മൊത്തം  ഇരുട്ടിലാക്കി, നമ്മളെയും, വീടിനെ  തന്നെയും വിഴുങ്ങി, എല്ലാത്തിനെയും   അതിന്‍റെ ഉള്ളിലാക്കി  തകര്‍ത്ത് പെയ്യുന്ന മഴ. കുന്നിന്‍   മുകളില്‍ നിന്ന്  ഒഴുകി വരുന്ന വരിവെള്ള ചാലുകള്‍, തമ്മില്‍  തമ്മില്‍ മുഖം കാണാനാവാത്ത വിധം ഇരുള്‍ നിറഞ്ഞ ഇടനാഴികകള്‍,
ഇന്നോളം കണ്ടിട്ടുള്ള മഴകളില്‍ ഇന്നും മനസ്സില്‍ നിന്ന് പോവാത്ത മഴരംഗങ്ങള്‍ ഇതൊക്കെയാണ്...

   വീടിന്‍റെ മുറ്റത്തു തന്നെ  കാവ് മാതൃകയില്‍ ഒരു ഹനുമാന്‍ പ്രതിഷ്ഠ ഉണ്ട്. നാലാള്‍ പിടിച്ചാല്‍ വട്ടമെത്താത്ത, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ മാവിന്‍റെ കടയ്ക്കല്‍ ആയിരുന്നു ആദ്യം ഈ പ്രതിഷ്ഠ ഉണ്ടായിരുന്നത്. പിന്നീട് ആ മാവ് മുറിക്കേണ്ടി വരികയും "ഹനുമാന്‍തറ" നവീകരിക്കേണ്ടി വരികയും ചെയ്തു. ഇന്ന് അവിടെയൊരു  വലിയ കണിക്കൊന്ന മരവും അലറിമരവും ചെമ്പരത്തിയുമൊക്കെയാണ് ഉള്ളത്. ഈ ഹനുമാനെ ചുറ്റിപറ്റി തലമുറകള്‍ പറഞ്ഞു പതിഞ്ഞ ഒരുപാട് അത്ഭുത കഥകള്‍ ഉണ്ട്. അത് ഞാന്‍ പിന്നീട് പറയാം...
      തൊടിയുടെ കിഴക്ക് വശത്തെ  ആ കുന്നിന്‍റെ ചെരുവില്‍ ഒരു വലിയ അരളി ചെടിയുടെ കീഴെ വേറെയും കുറേ പ്രതിഷ്ഠകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ഥാനം പിടിച്ചിരിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ കുറവന്‍-കുറത്തി രൂപങ്ങളും അതുപോലുള്ള ആദിദ്രാവിഡ സങ്കല്പത്തില്‍പെടുന്ന കുറച്ചു ദൈവങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളെ കാത്തു കൊണ്ട് അവിടെ കാലങ്ങളായി വിരാജിക്കുന്നു. വല്ലിപടര്‍പ്പുകളും കരിയിലകളും കറുത്ത നിറത്തിലുള്ള കുറെ കല്‍വിഗ്രഹങ്ങളും, ഭംഗിയായി ഉണ്ടാക്കിയിട്ടുള്ള പുരാതനമായ ഒരു ഇരുമ്പ് വടിയും ഒക്കെ ചേര്‍ന്ന് വേറിട്ട ഒരു ലോകമാണ് ഇവിടെ കാണാന്‍ കഴിയുക. ഇവിടെയും കുറെ അത്ഭുത കഥകള്‍ പറയേണ്ടതുണ്ട് അതും ഞാന്‍ പിന്നെ പറയാം...
     ഇതിനൊക്കെ പുറമേ ഭുവനേശ്വരി തുടങ്ങിയ ശക്തികളുടെ പ്രതിഷ്ഠകള്‍ വേറെയും ഇതേ പറമ്പില്‍ തന്നെയുള്ള ഞങ്ങളുടെ മറ്റൊരു അമ്പലത്തിലുണ്ട്. അതില്‍ മണ്മറഞ്ഞു പോയ പിതൃക്കളെ സ്മരിച്ചുകൊണ്ടുള്ള  കുറെ പീഠങ്ങളും നൂറ്റാണ്ടുകള്‍  പഴക്കമുള്ള നൂറുകണക്കിന് താളിയോല ഗ്രന്ഥങ്ങളും 

എഴുത്താണികളും എല്ലാം കാലപഴക്കത്തെ അവഗണിച്ച് നിസംഗരായിരിക്കുന്നു.
      ഇതെല്ലാം കേള്‍ക്കുമ്പോള്‍ പലര്‍ക്കും സാങ്കല്പികാമോ, പറഞ്ഞു കേള്‍പിച്ച കഥയോ ആണെന്ന് തോന്നാം. പക്ഷെ, ആ പഴയ തറവാടും കിഴക്ക് വശത്തെ സദാ ഇരുള്‍ കയ്യാളുന്ന  കുന്നിന്‍പുറവും ഒഴികെ ബാക്കി മിക്കവയും  ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്നതാണ് സത്യം.
    എന്‍റെ ബാല്യത്തിനു കുറെ നിറങ്ങള്‍ ചാര്‍ത്തിയത് തീര്‍ച്ചയായും ഈ ഒരു അന്തരീക്ഷമായിരുന്നു. എനിക്ക് തിരികെ വേണ്ടതും ഇതേ ബാല്യം തന്നെയാകുന്നു...

Wednesday, February 16, 2011

 നീയെന്ന  സത്യം


     നാളിതു വരെ നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ലയിരുന്നു....സ്നേഹിച്ചിട്ടില്ലയിരുന്നു...കടലോളം കിനാവുകള്‍ കണ്ടുകൂട്ടുമ്പോഴും ആകാശത്തോളം മോഹങ്ങള്‍ കുന്നുകൂട്ടുമ്പോഴും എന്‍റെ  പാതകളില്‍ ഞാന്‍ എന്നും ഏകനായിരുന്നു. വിളിക്കാനും പറയാനും ചിരിക്കാനും കളിക്കാനും ഒരായിരം പേര്‍. അപ്പോഴും വേറിട്ട വഴികളില്‍ എവിടെയോ എങ്ങനയോ എപ്പോഴോ കുടിങ്ങിപോയ എന്‍റെ മനസ്സും അന്നോളം കണ്ടിട്ടില്ലാത്ത ഹരിത പുളിനങ്ങള്‍ തേടുകയായിരുന്നു...
      അകലെ നിന്നെങ്ങോ നിന്‍റെ പുല്ലാംകുഴല്‍ വിളി എന്‍റെ കാതില്‍ സ്നേഹ മന്ത്രങ്ങള്‍ മൂളിയപ്പോഴും  കാറ്റിന്‍റെ കുറുമ്പോ ചെങ്കണ്ണി കുയിലിന്‍റെ തമാശയോ ആണെന്നോര്‍ക്കാനെ എനിക്ക് കഴിയുമായിരുനുള്ളൂ. വേഗത്തില്‍ പതിയുന്ന എന്‍റെ പാദമുദ്രകള്‍ ഇത്തിരി വെട്ടം നെഞ്ചിലേന്തി  വന്ന മിന്നാമിന്നി കൂട്ടം പോലും തിരിച്ചറിഞ്ഞില്ല. ജന്മാന്തരങ്ങളുടെ വിജനമായ താഴ്വരകളിലൂടെ,  ഉള്ളില്‍ സപ്ത സ്വരങ്ങളുടെ ലയ വിന്യാസങ്ങളും പേറി, മുറുകുന്ന ഹൃദയ വേഗത്തിന്‍റെ താളത്തില്‍   ഞാന്‍ അലഞ്ഞു തിരിയുമ്പോള്‍ നിന്‍റെ പുല്ലാംകുഴല്‍നാദം അകന്നകന്ന് അലിഞ്ഞില്ലാതെയായി.
     വഴിയോര ചെടികളുടെ തളിരിലകളില്‍, നിന്‍റെ നാമം എന്നെ ഓര്‍മ്മിപ്പികാനായി കാലം സ്മൃതി ചിത്രങ്ങള്‍ കോറിയിട്ടിരുന്നു. അതും മറന്ന്, അതും മറികടന്ന്...‍ യുഗപിറവിക്കും അപ്പുറം  യാത്ര പോകവേ, ഞാന്‍ കണ്ടു !!!  എന്‍റെ ഹൃദയം നെഞ്ചോടടുക്കിപിടിച്ച് ചേതനയറ്റുകിടക്കുന്ന  നീ എന്ന സത്യത്തിന്‍റെ  നിരാശയില്‍ കുതിര്‍ന്ന നിഷ്കളങ്കമായ മുഖം, മരണം നിന്നെ ഒന്നായി കവര്‍ന്നിട്ടും കൈവിടാതെ  നീ മുറുകെ പിടിച്ച എന്‍റെ ഹൃദയം, മന്വന്തരങ്ങള്‍ക്ക്  ഇപ്പുറവും  നിന്നില്‍നിന്ന്  സ്വതന്ത്രമായിട്ടില്ല എന്ന സത്യമാണ് ഞാന്‍ അറിയാതെ തന്നെ നിന്നെ തേടാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
    മഹാ ഉള്‍ക്കാഴ്ചകളുടെ നിമിഷം !!!  എന്‍റെ ഓര്‍മകളുടെ ഊഞ്ഞാലാട്ടത്തില്‍ വീണ്ടും ഞാന്‍ നിന്‍റെ പുല്ലാംകുഴല്‍ ഗാനം വ്യക്തമായി കേട്ടു. വഴിയോര തളിരിലകളില്‍ കാലം കോറിയിട്ട നിന്‍റെ നാമം വ്യക്തമായി കണ്ടു. നാളത് വരെ നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്ന്നു. സ്നേഹിച്ചിട്ടില്ലയിരുന്നു. വീണ്ടും ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍ നിന്ന് തിരിച്ചു  നടക്കുമ്പോള്‍  ഞാന്‍ നിനക്കായി തിരയുകയായിരുന്നു. സ്നേഹത്തോടെ... ഒരു വട്ടം കൂടിയെങ്കിലും ഈ മൗന സന്ചാരങ്ങളില്‍  എവിടെയെങ്കിലും വച്ച്  കണ്ടുമുട്ടനെ  എന്ന പ്രാര്‍ഥനയോടെ... നീ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ...